ലണ്ടൻ: കൗണ്ടി ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർ ആർ. സായ് കിഷോർ. ബ്രിസ്റ്റോളിൽ നടന്ന ഗ്ലോസ്റ്റർഷെയർ – ഡെർബിഷെയർ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലാണ് കേവലം ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി സായ് കിഷോർ എതിരാളികളെ തകർത്തത്. മത്സരത്തിൽ ആകെ 18 ഓവറുകളിൽ നിന്ന് 20 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
319 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡെർബിഷെയറിന്റെ മുൻനിരയെ സായ് കിഷോർ ഒറ്റയ്ക്ക് തകർക്കുകയായിരുന്നു. സ്പിൻ കെണിയിൽ പതറിയ ഡെർബിഷെയർ രണ്ടാം ഇന്നിംഗ്സിൽ വെറും 105 റൺസിന് പുറത്താവുകയും ഗ്ലോസ്റ്റർഷെയർ 213 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
എട്ട് ഓവറുകൾക്കുള്ളിൽ തന്നെ സായ് കിഷോർ തന്റെ അഞ്ച് വിക്കറ്റ് നേട്ടം തികച്ചിരുന്നു. സായ് കിഷോറിന് പുറമെ ഒലി പ്രൈസ് മൂന്ന് വിക്കറ്റും എഡ് മിഡിൽട്ടൺ രണ്ട് വിക്കറ്റും വീഴ്ത്തി പിന്തുണ നൽകി.
ഈ വിജയത്തോടെ തുടർച്ചയായ തോൽവികൾക്ക് വിരാമമിടാൻ ഗ്ലോസ്റ്റർഷെയറിന് സാധിച്ചെങ്കിലും ഡിവിഷൻ 2 പോയിന്റ് പട്ടികയിൽ ടീം അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്. 11 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളോടെ 63 പോയിന്റാണ് നിലവിൽ ഗ്ലോസ്റ്റർഷെയറിനുള്ളത്. ലങ്കാഷെയറിനെതിരെയാണ് ഗ്ലോസ്റ്റർഷെയറിന്റെ അടുത്ത മത്സരം.


