ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലെ ഓട്ടോ–ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 21 മുതൽ 23 വരെ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഡ്രൈവർ യൂണിയനുകൾ അഭ്യർത്ഥിച്ചു.
ഓട്ടോ–ടാക്സി നിരക്കുകൾ പുതുക്കണമെന്ന ആവശ്യമാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. ആപ്പ് അധിഷ്ഠിത ക്യാബ് സേവനദാതാക്കളായ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ കമ്പനികൾ അന്യായമായി പ്രവർത്തിക്കുന്നുവെന്നും ഡ്രൈവർമാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുവെന്നും യൂണിയനുകൾ ആരോപിച്ചു.
ഡൽഹി–എൻസിആർ മേഖലയിലെ ടാക്സി നിരക്കുകൾ കഴിഞ്ഞ 15 വർഷമായി പുതുക്കിയിട്ടില്ലെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ധനവില, വാഹന പരിപാലന ചെലവ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ചാർജുകൾ എന്നിവ തുടർച്ചയായി ഉയരുന്നത് അവരുടെ വരുമാനത്തെ ഗൗരവമായി ബാധിക്കുന്നതായും അവർ പറയുന്നു.
വിലക്കയറ്റം തുടരുന്നതിനിടയിലും പഴയ നിരക്കിലാണ് സർവീസ് നടത്തേണ്ടി വരുന്നതെന്ന് യൂണിയൻ പറയുന്നു. ഇത് ഡ്രൈവർമാരുടെ ജീവിതോപാധിയെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.
സി.എൻ.ജി, പെട്രോൾ, ഡീസൽ വിലകളിലെ തുടർച്ചയായ വർധനവിനെ തുടർന്ന് കുടുംബം പുലർത്താൻ പോലും ബുദ്ധിമുട്ടാണെന്ന് ഡ്രൈവർമാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ‘ചാലക് ശക്തി യൂണിയൻ’ ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.


